പിവി അന്‍വറിന്റെ പാർക്ക് ; പാരിസ്ഥിതിക പഠനറിപ്പോർട്ട് വരും വരെ നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടെന്ന് കളക്ടർ


First Published : 2018-09-07, 09:25:55pm - 1 മിനിറ്റ് വായന


പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍മ്മാണം നടത്തരുതെന്ന് ജില്ലാ കലക്ടര്‍. ജൂൺ മാസത്തിൽ പാർക്കിനുള്ളിൽ ഉരുൾപൊട്ടിയതിന്റെ തെളിവുകൾ ഇല്ലാതാക്കാൻ പാർക്കിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് കളക്ടറുടെ ഉത്തരവ്. ഇതുവരെയുള്ള റിപ്പാര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. വിദഗ്ദ പരിശോധനയ്ക്കു ശേഷമെ പാര്‍ക്കിനു അനുമതി നല്‍കാന്‍ കഴിയുകയുള്ളു എന്നും ഉത്തരവില്‍ പറയുന്നു.

 

മലപ്പുറം കക്കാടംപൊയിലിൽ പരിസ്ഥിതി ദുർബലപ്രദേശത്താണ് എം.എൽ.എയുടെ വാട്ടർ തീം പാർക്ക്.  പാർക്ക് സ്ഥിതി ചെയ്യുന്ന പതിനൊന്ന് ഏക്കർ പ്രദേശത്തിനുള്ളിൽ ആഗസ്റ്റ് മാസത്തിൽ മാത്രം 8 ഉരുൾപൊട്ടലുകൾ ഉണ്ടായി. ജൂലൈ മാസത്തിൽ പാർക്കിന് സമീപത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അന്ന് പാർക്കിലെ ജലസംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കി കളയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. 


ഉരുൾപൊട്ടലിൽ പാർക്കിനുള്ളിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയും, ജനറേറ്റർ റൂമും തകർന്നിരുന്നു. ഈ ഉരുൾപൊട്ടലിന്റെ അടയാളങ്ങൾ മായ്ക്കാനാണ് ഇപ്പോൾ തിരക്കിട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇക്കാര്യം പുറത്ത് വരാതിരിക്കാൻ പാർക്കിന് ചുറ്റും ഗുണ്ടാ കാവലും ഏർപ്പെടുത്തിയിരുന്നു. 

 


പാർക്കിലേക്ക് വെള്ളമെടുക്കാൻ വേണ്ടി കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമ്മിച്ച തടയണ ഉരുൾപൊട്ടൽ സാധ്യതയുണ്ടാക്കുമെന്ന് കാട്ടി, ഹൈക്കോടതി തടയണയിലെ വെള്ളം തുറന്നു വിടാൻ ഉത്തരവിട്ടിരുന്നു. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment