ഏനാദിമംഗലം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ചായലോട് ജനകീയ സമിതി വിജിലൻസ് കോടതിയിലേക്ക്




പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ ക്വാറി മാഫിയ സംഘങ്ങളെ വഴിവിട്ട് സഹായിക്കുന്നു എന്നാരോപിച്ച് ചായലോട് ജനകീയ സമിതി പഞ്ചായത്ത് സെക്രട്ടറിയേയും സീനിയർ ക്ലാർക്കിനേയും പ്രതിചേർത്ത് വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങുന്നു. 


ക്വാറി ഉടമയെ സഹായിക്കുവാൻവേണ്ടി ഹൈക്കോടതി ഉത്തരവ് പത്ത് ദിവസത്തോളം പഞ്ചായത്ത് കമ്മറ്റിയേയും എതിർകക്ഷികളായ പ്രദേശവാസികളേയും അറിയിക്കാതെ പൂഴ്ത്തിവയ്ക്കുകയും കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയതും ക്വാറി ഉടമയെ സഹായിക്കുവാനാണെന്നു സമരസമിതി പ്രവർത്തകരും നാട്ടുകാരും ആരോപിച്ചു. പാറമട മാഫിയ നൽകുന്ന വ്യാജ രേഖകൾ പരിശോധിക്കാതെ അരഡസൻ ക്വാറികൾക്ക് പ്രവർത്തനത്തിനായി വിവിധ വകുപ്പുകളിലേക്ക് നിരാക്ഷേപപത്രം പഞ്ചായത്ത് നൽകികഴിഞ്ഞു.


അടൂർ താലൂക്കിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും ജില്ലയിലെ മിനിമൂന്നാർ എന്ന് അറിയപ്പെടുന്ന ദേശീയപക്ഷിയായ മയിലുകളുടെ ആവാസകേന്ദ്രമായ സ്കിന്നർപൂരം എസ്റ്റേറ്റിലും കിൻഫ്ര വ്യവസായപാർക്കിലും തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായ മരുതിമൂട് സെന്റ് ജൂഡ് ദേവാലയത്തിന് സമീപത്തും ലൂക്കോസ് മുക്കിലുമായാണ് ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്ന ലോറികൾക്ക് പ്രവർത്തന അനുമതി നേടുന്നതിനായി വിവിധ വകുപ്പുകൾക്ക് പഞ്ചായത്ത് സെക്രട്ടറിയും ക്വാറി ഏജന്റായ പഞ്ചായത്തിലെ മറ്റൊരു ഉദ്യോഗസ്ഥനും മാഫിയാ സംഘങ്ങളുടെ സ്വാധീനത്തിന് വഴങ്ങി നിരാക്ഷേപപത്രവും പഞ്ചായത്ത് ലൈസൻസും നൽകിയിരിക്കുന്നതെന്ന് ചായലോട് ജനകീയ സമരസമിതി കൺവീനർ പി.കെ തോമസ് ആരോപിച്ചു.


ജില്ലയ്ക്കുപുറത്തുള്ള ചില പാറ മാഫിയാസംഘങ്ങൾ രാഷ്ട്രീയനേതാക്കളെ കൂട്ടുപിടിച്ച് നാട്ടിൽ വർഗീയത ഇളക്കിവിട്ട് നാടിനെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു വരികയാണ് ഇതിനെതിരെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്നും സമര സമിതി മുന്നറിയിപ്പ് നൽകി .ഏനാദിമംഗലം സ്ഫോടകവസ്തുക്കളുടെ സംഭരണശാലയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ ക്വാറികളിലെത്തുന്ന വൻ സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതായി സമരസമിതി സെക്രട്ടറി കെ.ജി രാജൻ ജോ: കൺവീനർ അജീഷ്ജോർജ് എന്നിവർപറഞ്ഞു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment