പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകൻ ആര്‍.കെ പച്ചൗരി അന്തരിച്ചു


First Published : 2020-02-14, 05:02:11pm - 1 മിനിറ്റ് വായന


പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ മേധാവിയും ആര്‍.കെ പച്ചൗരി അന്തരിച്ചു. ഹൃദ്രോഗബാധിതനായിരുന്ന ഇദ്ദേഹം. ചൊവ്വാഴ്ച മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.വ്യാഴാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.


2007ല്‍ പച്ചൗരി ചെയര്‍മാനായിരിക്കെ​ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എന്‍ പാനല്‍, അമേരിക്കന്‍ വൈസ്​ പ്രസിഡന്‍റായിരുന്ന അല്‍ ഗോറിനൊപ്പം​ നോബൽ സമ്മാനം പങ്കിട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്​നങ്ങള്‍ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തുന്നതില്‍ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു​.
2001ല്‍ പത്മഭൂഷണും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു​. 


1940 ആഗസ്​റ്റ്​ 20ന്​ ഉത്തരാഖണ്ഡിലെ നൈനിത്താളിലാണ്​ ജനനം. ബിഹാറിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെക്കാനിക്കല്‍ ആന്‍ഡ്​​ എന്‍ജിനീയറിങ്ങില്‍നിന്ന്​ ബിരുദവും അമേരിക്കയിലെ നോര്‍ത്ത്​ കരോലിന സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയില്‍നിന്ന്​ ഡോക്​ടറേറ്റും നേടി.


ലോക ഊര്‍ജ കൗണ്‍സില്‍, ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ എനര്‍ജി ഇക്കണോമിക്​സ്​ അടക്കമുള്ള അന്താരാഷ്ട്ര സമിതികളുടെ ചെയര്‍മാന്‍, ലോക ബാങ്ക്​ റിസര്‍ച്ച്‌​ ഫെലോ, 2001ല്‍ വാജ്​പേയി പ്രധാനമന്ത്രിയായിരിക്കെ സാമ്പത്തിക ഉപദേശക സമിതി അംഗം, ഇന്ത്യ ഇന്‍റര്‍നാഷനല്‍ സെന്റർ, ഇന്ത്യ ഹാബിറ്റാറ്റ്​ സെന്റർ ഉള്‍പ്പെടെയുള്ളവയുടെ നിര്‍വാഹക സമിതി അംഗം അടക്കം രാജ്യത്തിനകത്തും പുറത്തും ഒ​ട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്​.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment