പരിസ്ഥിതിയും യുദ്ധവും ഇറാനെ വീർപ്പുമുട്ടിക്കുന്നു !


First Published : 2026-06-13, 11:27:59am - 1 മിനിറ്റ് വായന


ഇറാനെതിരായ ആക്രമണങ്ങൾ 104 ദിവസങ്ങളായി തുടരുമ്പോൾ,യുദ്ധം ഉണ്ടാക്കുന്ന ദുരന്തങ്ങളും വർധിക്കുകയാണ്.ഇറാനിലെ 3 ഡസനിലധികം എണ്ണ പാടങ്ങളിലെ ആക്രമണങ്ങളും തകർന്നടിഞ്ഞ കെട്ടിടങ്ങളും സ്ഫോടനം നടത്താൻ ഉപയോഗിച്ച വസ്തുക്കളും മണ്ണിനെയും വെള്ളത്തെയും വായുവിനെയും വികൃതമാക്കുകയാണ്.

യുദ്ധം 14 ദിവസം പിന്നിട്ടപ്പോൾ പുറത്തു വന്ന കണക്കിൽ,50 ലക്ഷം കാർബൺ വാതകങ്ങൾ അധികമായി അന്തരീക്ഷത്തിൽ എത്തി എന്നായിരുന്നു പറഞ്ഞത്.104 ദിവസം പിന്നിടുമ്പോൾ എതാണ്ട് 3 കോടിയിലധികം ഹരിത വാതകങ്ങളെ പുറം തള്ളിയിട്ടുണ്ടാകും. യുദ്ധത്തിൻ്റെ ചെലവുകൾ തന്നെ അസാധാരണമായി മാറി. അമേരിക്കയുടെ ചെലവു മാത്രം ഒരു ലക്ഷം കോടി ഡോളർ എത്തിയിട്ടുണ്ട്. നിരപാരധികളുടെയും പട്ടാളക്കാരുടെയും മരണവും മുറിവേൽക്കലും ഉണ്ടാക്കുന്ന പ്രതിസന്ധി വിവരണാതീതമാണ്.


ഇറാൻ അനുഭവിക്കുന്ന പാരിസ്ഥിതിക തിരിച്ചടികൾ രൂക്ഷമായിരിക്കെ തന്നെ യുദ്ധം എത്തിച്ചേർന്നത് സ്ഥിതി കൂടുതൽ വഴളാക്കി . 


വർഷങ്ങളായി തുടരുന്ന വരൾച്ച,മഴക്കുറവ്,അനിയന്ത്രിതമായ ജലചൂഷണം എന്നിവ ഇറാനെ ജലപ്രതിസന്ധിയുടെ വക്കിലെത്തിച്ചു.   യുദ്ധം ജല ശുദ്ധീകരണ ശാലകൾക്കും പൈപ്പ് ലൈനുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വരുത്തിയ നാശനഷ്ടങ്ങൾ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. 


വടക്കുപടിഞ്ഞാറൻ ഇറാനിലെ ഉർമിയ തടാകം(പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഉപ്പ് തടാകം)1990കളിൽ 6,000 ച.കിലോമീറ്റർ ഉണ്ടായിരുന്നു.ഇന്നത് വെറും 581ച.കിലോമീറ്ററായി ചുരുങ്ങി.അണക്കെട്ടുകളുടെ നിർമാണം, കാർഷിക ആവശ്യങ്ങൾക്കുള്ള അമിതമായ ജലചൂഷണം,നദികൾ തിരിച്ചുവിടൽ എന്നിവയാണ് ഈ തടാകത്തെ വരണ്ട ഉപ്പുപാടങ്ങളാക്കി മാറ്റിയത്.തടാകത്തിലേക്ക് വെള്ളം എത്തിക്കുന്ന നദികളിലായി 60ലധികം അണക്കെട്ടുകൾ നിർമിച്ചതും ഭൂഗർഭജലം അമിതമായി പമ്പ് ചെയ്തതും ഈ നാശത്തിന് കാരണമായി.


തെഹ്റാനിന് പ്രധാനമായും ജലമെത്തിക്കുന്ന ലാർ,ലത്യാൻ,മംലൂ എന്നീ അണക്കെട്ടുകളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ കുറഞ്ഞു. തുടർച്ചയായ വരൾച്ചയും ജനസംഖ്യാ വർധനവും മൂലമുള്ള ജലത്തിന്റെ ആവശ്യകതയും തെഹ്റാനിലെ ജലവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.


69,000 ഗ്രാമങ്ങളിൽ 31,000 എണ്ണവും ആളുകൾ ഉപേക്ഷിച്ചു പോയി.  38,000 ഗ്രാമങ്ങളിൽ മാത്രമാണ് ആളുകളുള്ളത്.രാജ്യത്തെ 70% ഗ്രാമങ്ങളും ഏതെങ്കിലും തരത്തിലുള്ള ജലക്ഷാമം നേരിടുന്നുണ്ട്. ജനങ്ങൾ വലിയ നഗരങ്ങളിലേക്ക് ചേക്കേറുന്നത് അവിടുത്തെ ജലവിതരണ സംവിധാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ 75% പടിഞ്ഞാറൻ മേഖലയിലെ 40% ഭൂപ്രദേശങ്ങളിലാണ് ഇപ്പോൾ തിങ്ങിപ്പാർക്കുന്നത്.


പ്രസിദ്ധമായ സായന്ദെറൂദ് നദിയും വറ്റിയിരിക്കുകയാണ്.അമിതമായ ഉപയോഗവും വരൾച്ചയുമാണ് ഈ നദിയുടെ ദയനീയാവസ്ഥയ്ക്ക് കാരണം.


കുറഞ്ഞ മഴയും വർധിച്ച ചൂടും ഇറാനിൽ പാരിസ്ഥിതിക തിരിച്ചടികൾ ഉണ്ടാക്കി കൊണ്ടിരിക്കെ യുദ്ധം അവരെ കൂടുതൽ ദുരിത ജീവിതത്തി ലെയ്ക്ക് തള്ളിവിട്ടിരിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment