മണലും വെളളപ്പൊക്ക ഭീതിയും !


First Published : 2026-09-15, 10:43:54am - 1 മിനിറ്റ് വായന


രാജ്യത്തെ നദികളിൽ നിന്നുള്ള മണൽവാരൽ 12 ലക്ഷം കോടി രൂപ വരുമാനവും മൂന്നര കോടി തൊഴിൽ അവസരവും നൽകുന്ന വേദി യാണ് എന്ന് ചില ലേഖനങ്ങളിൽ സൂചനയുണ്ട്.രൂപയുടെ ഭീമമായ കണക്കും തൊഴിൽ അവസരവും നാടിന് ഗുണപരമായിരുന്നുവോ എന്ന യാഥാർഥ്യം മറ്റൊരു വസ്തുതയാണ്.ബീഹാർ,മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്,തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലെ മണൽ വാരൽ,വലിയ ആഘാതങ്ങൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് നദികളിലെ മണൽ വാരലിന് നിയന്ത്രണങ്ങൾ വരുത്തുവാൻ കേന്ദ്ര സർക്കാർ തീരമാനിക്കുന്നത്.കേന്ദ്രം ഉണ്ടാക്കിയ നിയമങ്ങളിൽ (Mines and Minerals (Development and Regulation)Act,1957,Mineral Concession Rules)പ്രാദേശികമായ യാഥാർത്ഥ്യങ്ങൾ ഉൾക്കൊളളിച്ചു കൊണ്ട് നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തി.


തമിഴ് നാട്ടിൽ 2003 നു ശേഷം പോലീസ്,റവന്യൂ വകുപ്പിലെ 5 ഉയർന്ന ഉദ്യോഗസ്ഥർ കൊല ചെയ്യപ്പെട്ട സംഭവം ദേശീയ വാർത്തയായി. ഉത്തർപ്രദേശിലെ IAS ഉദ്യോഗസ്ഥ ദുർഗ്ഗ ശക്തിയെ മണൽ മാഫിയകൾ കൊന്നു.ഗംഗ,യമുന,ചമ്പൽ,ഗൗതമി, രേവതി മുതലായ നദികളിൽ 20 മീറ്റർ വരെയായിരുന്നു ഖനനം വഴിയുണ്ടാക്കിയ കുഴികൾ. 


അനധികൃത മണൽ ഖനനം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാകുന്നത്. കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം തയ്യാറാക്കിയ Sustinable Sand mining Management guidlines മുൻ നിർത്തി മാത്രമായിരിക്കണം ഖനനം.Kerala Protection of River Banks & Regulation of Removal of Sand Act 2001 മണൽ ഖനനം നിയന്ത്രിക്കാൻ ഉണ്ടാക്കിയ നിയമവും ഫലപ്രദമാകാത്ത സാഹചര്യ ത്തിൽ 2015-16 കാലഘട്ടത്തിൽ സംസ്ഥാനത്തെ നദികളിൽ നിന്നുള്ള മണൽ വാരലിന് സർക്കാർ പൂർണ്ണ നിരോധനം ഏർപ്പെടുത്തി.2015-ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചെറിയ പ്രദേശങ്ങളിലെ ഖനനത്തിനും പാരിസ്ഥിതിക അനുമതി (Environmental Clearance)നിർബന്ധമാക്കിയതോടെയാണ് കേരളത്തിൽ മണൽ വാരൽ പൂർണ്ണമായി നിർത്തിവെക്കേണ്ടി വന്നത്.

ഖനനം വരുത്തി വെച്ച പ്രശ്നങ്ങൾ

പരിസ്ഥിതി നാശം : അനിയന്ത്രിതമായ മണൽ ഖനനം കാരണം പുഴകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും നദീതീരങ്ങൾ ഇടിയുകയും ചെയ്തു.

ഭൂഗർഭ ജലനിരപ്പ് താഴൽ: പുഴകളിൽ മണലില്ലാതായതോടെ ജലം സംഭരിച്ചു നിർത്താനുള്ള ശേഷി കുറയുകയും സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റുകയും ചെയ്തു.

കടവുകളുടെ നാശം: പാലങ്ങളുടെയും കുടിവെള്ള പദ്ധതികളുടെയും തൂണുകൾക്ക് സമീപം വരെ മണൽ വാരിയത് വലിയ സുരക്ഷാ ഭീഷണിയുയർത്തി.


21 നദികളിലെ പഠനവും നിർദ്ദേശവും : 

2018ലെ ദുരന്തങ്ങളിൽ പശ്ചിമഘട്ടത്തിൻ്റെ ക്ഷതവും വർധിച്ച മണ്ണൊലിപ്പും ഗൗരവതര മായിരുന്നു.നദികളിൽ മണ്ണ് അടിഞ്ഞത് വെള്ളപ്പൊക്കം രൂക്ഷമാക്കാൻ അവസരം ഉണ്ടാക്കുന്നു എന്ന് അഭിപ്രായങ്ങൾ ഉയർന്നു.21നദികളുടെ ഘടനയെ പറ്റി പഠിക്കാൻ സമിതികൾ ഉണ്ടായി.Kerala Protection of River Banks & Regulation of Removal of Sand Act 2001,പഠന റിപ്പോർട്ടിൽ10 നദികളിൽ Restricted Sand mining നടത്തേണ്ടതുണ്ട്(RSM).11നദികളിൽ ഖനനം നടത്തരുത് (Prohibition of Sand mining,PSM)എന്ന് പറയുന്നു.തിരുവനന്തപുരം ജില്ലയിലെ 3 നദികൾ ഖനനത്തിന് ഒരുങ്ങിയിട്ടില്ല.ഇത്തിക്കര,അച്ചൻ കോവിൽ,പമ്പയിൽ സാധ്യമാണ്.മീനച്ചലിൽ വാരാൻതക്ക മണ്ണ് ലഭ്യമല്ല.ചാലിയാറിൽ നിയന്ത്രിതമായി ഖനനം നടത്താം.10 നദികളിൽ നിന്ന് 170.26 ലക്ഷം ടൺ മണ്ണ് എടുത്തു മാറ്റാം .

ഖനനം എങ്ങനെ ആകണം ?

കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശങ്ങളെ മുൻനിർത്തി പരിസ്ഥിതി ആഘാത പഠനം,ജില്ല സർവ്വെ റിപ്പോർട്ട്,ജില്ല വിധക്ത സമിതിയുടെ മേൽനോട്ടം,കടവ് കമ്മിറ്റികൾ,അവിടെ മണ്ണ് വാരുന്ന തൊഴിലാളി സംഘടന,പോലീസ്, തൊഴിൽ വകുപ്പ്,ജല സംരക്ഷണ നിയമവും അതിൻ്റെ വകുപ്പും ചേർന്നാണ് ഖനനം തീരുമാനിക്കുക.

ഖനനത്തിൻ്റെ തയ്യാറെടുപ്പിൽ,മണ്ണ് ആഡിറ്റിംഗ്(Sand Auditing) Sediment Budget ൻ്റെ ഭാഗമാണ്.അവിടെ മലയിൽ നിന്നുള്ള ഒലിച്ചു വരവ് മുതൽ തീരങ്ങളുടെ അവസ്ഥയും തിട്ടകളുടെ ഘടനയും ഒക്കെ പരിഗണിക്കണം.3 വർഷം കൂടുമ്പോൾ Sand Auditing നടത്തണം.40 മീറ്ററിൽ കുറവു വീതിയുള്ള നദികളിൽ മണൽ വാരൽ അനുവദനീ യമല്ല.വനം,തീരദേശ സംരക്ഷണ നിയമത്തിൽ വരുന്ന ഇടങ്ങളിൽ നിരോധനം ഉണ്ട്.മണ്ണ് സർവ്വെകൾ വേനൽ കാലത്ത് നടത്തണം. വേനൽ കാലത്ത് വെളളത്തിന് മുകളിൽ കാണുന്ന മണ്ണ് ഖനനത്തി ലൂടെ നീക്കാം.3 മീറ്ററിൽ അധികം ഒരു കാരണത്താലും കുഴി ഉണ്ടാക്കരുത്.

ഖനനത്തിലൂടെയുള്ള വരുമാനത്തിൽ ഒരു പങ്ക് (50%)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കളക്ടർ അധ്യക്ഷയായ സമിതിക്ക് (River Managment fund)  നൽകണം.

കേരളം നേരിട്ടു വരുന്ന അത്യപൂർവമായ കാലാവസ്ഥ ദുരന്തങ്ങളിൽ നദികളിലെ മണൽ വാരൽ ഒറ്റമൂലിയായി കണ്ട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിഞ്ഞ സർക്കാരും ഇപ്പോൾ സതീശൻ സർക്കാരും താൽപ്പര്യം കാണിക്കുന്നു.മറ്റു വിഷയങ്ങളിൽ ഈ ജാഗ്രത കാണാനില്ല.

മഴയുടെ സ്വഭാവത്തിലെ മാറ്റവും അനുബന്ധ ദുരന്തങ്ങളും മലനാട്ടിലും ഇടനാട്ടിലും വരുത്തി വെയ്ക്കുന്ന ദുരിതങ്ങൾ വർധിച്ചു. ഇടവപ്പാതിയുടെ കാലത്തും കേരളം ചുട്ടു പൊളളുകയാണ്. ജലക്ഷാമത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നു.ഇവയെ പ്രതിരോധി ക്കാൻ കാടുകളുടെ കരുത്ത് വർധിപ്പിക്കണം ,ചരിവുകളിലെ നിർമ്മാണങ്ങളെ നിരുത്സാഹപ്പെടുത്തണം.നീരുറവകൾ -പുഴകൾ ക്ക് സംരക്ഷണം,നെൽവയലുകൾ -നീർത്തടങ്ങൾ ചുരുങ്ങരുത്, കായലുകൾക്ക് പഴയ വിസ്തൃതിയും ആഴവും വേണം.നഷ്ടപ്പെട്ട കണ്ടൽകാടുകളെ മടക്കി കൊണ്ടു വരണം,തിരമാലകൾക്ക് കയറി ഇറങ്ങാൻ അവസരം ഉണ്ടാകണം.Land Use Land Capacity യിലെ പ്രതിസന്ധികൾ പരിഹരിക്കണം.

ഇത്തരം സമഗ്രമായ ആസൂത്രണങ്ങളിലൂടെ പരിസ്ഥിതിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കേരളം ശ്രമിക്കേണ്ടതുണ്ട്. പഠനങ്ങൾ പറയും പ്രകാരം,നിയമങ്ങൾ അനുസരിച്ച് , മണൽ വാരൽ അനുവദിക്കുമ്പോൾ , പൊതുവെ പ്രകൃതി സംരക്ഷണ വിഷയങ്ങളിൽ കേരള സർക്കാരിൻ്റെ മെല്ലെ പോക്ക്,മറ്റൊരു മാഫിയ വാഴ്ച്ചയ്ക്കു കൂടി അവസരം ഒരുക്കുമൊ എന്നതാണ് സംശയം ...

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment