ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്


First Published : 2026-11-10, 10:07:02am - 1 മിനിറ്റ് വായന


ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള സർവകലാശാല സസ്യശാസ്ത്ര വിഭാഗം മുൻ റീഡറുമായിരുന്ന ഡോ.കമറുദ്ദീൻ്റെ ഓർമയ്ക്കായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ അർഹനായി. 
25,000 രൂപയും പ്രശസ്തി പത്രവും പ്രശംസാഫലകവും അടങ്ങിയതാണ് പുരസ്കാരം.

സർക്കാർ സംവിധാനങ്ങളുടെയോ ഔദ്യോഗിക സൗകര്യങ്ങ ളുടെയോ സഹായമില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവ വൈവിധ്യ സംരക്ഷണത്തിലും പരിപോഷണത്തിലും മാതൃകാ പരമായി മുന്നിട്ടുനിൽക്കുന്ന നിസ്വാർഥ പരിസ്ഥിതി പ്രവർത്ത കരെയാണ് ഈവർഷത്തെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. ഈ പ്രവർത്തന മികവ് കണക്കിലെടുത്താണ് 2026-ലെ പുരസ്‌കാര ജേതാവായി എൻ. ബാദുഷയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ ഡോ.എഫ്. ജോർജ് ഡിക്രൂസും അംഗങ്ങളായ ഡോ. സുഹറാബീവി, ഡോ. മധുസൂദനൻ പിള്ള, ഒ. വി. ഉഷ എന്നിവരും പ്രസ്താവിച്ചു.

വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാൻ പതിറ്റാണ്ടുകളായി പ്രക്ഷോഭ രംഗത്തുള്ള വ്യക്തിയാണ് എൻ. ബാദുഷ.1976-ൽ ചന്ദനക്കൊള്ളയ്ക്കും ആനവേട്ടയ്ക്കും 22 ആദിവാസികൾ  കൊല്ലപ്പെട്ട സംഭവത്തിനുമെതിരെ നടന്ന പ്രക്ഷോഭത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

സംസ്ഥാനത്തുടനീളം നടന്ന 'ക്ലിയർ ഫെല്ലിംഗി'നെതിരെയുള്ള ജനകീയ സമരം, ഉയർന്ന മലനിരകളിൽ അക്കേഷ്യയും യൂക്കാലിപ്റ്റസും നടുന്നതിനെതിരായ സമരവും അതിനെ തുടർന്നുള്ള ജയിൽവാസവും, മാവൂർ ഗ്വാളിയോർ റയൺസിന് വേണ്ടി മുള മുറിക്കുന്നതിനെതിരെയുള്ള പ്രതിഷേധവും  അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിൻ്റെ ഉദാഹരണങ്ങളാണ്.

ആദിവാസികൾക്കിടയിൽ പടർന്നുപിടിച്ച കുഷ്ഠരോഗവും ക്ഷയരോഗവും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.ആദിവാസികൾക്ക് പതിച്ചു നൽകാൻ ഉത്തരവായ സുഗന്ധഗിരിയിലെ 3,000 ഏക്കർ ഭൂമി മറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്നതിനെതിരെയും, ചരിത്ര പ്രസിദ്ധമായ എടക്കൽ ഗുഹയെ കരിങ്കൽ മാഫിയയിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ശക്തമായ നിയമ പോരാട്ടങ്ങൾ നടത്തി. 

വയനാട്ടിലെ അനധികൃത ക്വാറികൾക്കും നിയമവിരുദ്ധ ആനപിടുത്തത്തിനുമെതിരെ കോടതിയെ സമീപിച്ച ബാദുഷ, ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുള്ള രാത്രി യാത്രാ നിരോധന ത്തിനായി കർണാടക ഹൈക്കോടതിയിലും പോരാടി. ഡോ. കമറുദ്ദീനും പങ്കാളിയായിരുന്ന നെല്ലിയാമ്പതിയിലെ 4,800 ഏക്കർ കാലാവധി കഴിഞ്ഞ പാട്ടഭൂമി തിരിച്ചുപിടിപ്പിച്ച സമരത്തിലും അദ്ദേഹം സജീവമായിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിൽ ഒറ്റപ്പെട്ടുപോയ കർഷകരെ മാറ്റിപ്പാർപ്പിക്കാനുള്ള പോരാട്ടത്തിനൊടുവിൽ,കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 14 ഗ്രാമങ്ങളിലെ 800 കർഷക കുടുംബങ്ങളെ വിജയകരമായി പുനരധിവസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

നിലവിൽ തുരങ്കപ്പാതയ്ക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടത്തുകയും വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന ബാദുഷ;കർഷകൻ, സംഘാടകൻ,ഹർജിക്കാരൻ, എഴുത്തുകാരൻ,പ്രസ്ഥാന നിർമാതാവ് എന്നീ നിലകളിലെല്ലാം മാതൃകാപരമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിലെ ആജീവനാന്ത സമർപ്പണത്തിന് 2012-ൽ സാങ്ച്വറി നേച്ചർ ഫൗണ്ടേഷന്റെ 'വൈൽഡ് ലൈഫ് സർവീസ് അവാർഡും', 2014-ൽ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരിൽ നിന്ന് കൂട് മാസികയുടെ ആദ്യ 'പ്രകൃതി മിത്ര അവാർഡും' അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2026 നവംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാര്യവട്ടം സി.എൽ.ഐ.എഫ്, സി.വി. രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി.ജോൺ പുരസ്‌കാരം സമ്മാനിക്കും.സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.അച്യുത് ശങ്കർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment