കാലാവസ്ഥ ധനസഹായം എന്നാൽ എന്ത് ?


First Published : 2026-11-14, 12:48:31pm - 1 മിനിറ്റ് വായന


കാലാവസ്ഥാ ധനസഹായം(ക്ലൈമറ്റ് ഫിനാൻസ്)എന്നാൽ എന്താണ്?

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനായി ലഭ്യമാക്കുന്ന സാമ്പത്തിക സഹായമാണ് ക്ലൈമറ്റ് ഫിനാൻസ്.

ഇത് പ്രധാനമായും രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.

ഒന്നാമത്തേത് ലഘൂകരണം അഥവാ മിറ്റിഗേഷൻ. ഭൂമിയെ ചൂടാക്കുന്ന വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.ഉദാഹരണത്തിന്, കൽക്കരി ഊർജ്ജത്തിന് പകരം സൗരോർജ്ജം കൊണ്ടുവരിക.

രണ്ടാമത്തേത് അനുകൂലനം അഥവാ അഡാപ്റ്റേഷൻ. തീവ്രമായ ഉഷ്ണതരംഗങ്ങൾ,പ്രളയം,വരൾച്ച,സമുദ്രനിരപ്പ് ഉയരൽ എന്നിവയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ആരാണ് ഇതിനുള്ള പണം നൽകേണ്ടത്?

വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് ധനസഹായം നൽകണമെന്ന് യുഎൻഎഫ്‌സിസിസിയും(1992-ലെ ഐക്യ രാഷ്ട്രസഭ കാലാവസ്ഥാ ഉടമ്പടി) പാരീസ് ഉടമ്പടിയും വ്യക്തമാക്കുന്നുണ്ട്.

ഇതൊരു ഔദാര്യമോ കാരുണ്യമോ അല്ല.

വ്യാവസായിക വിപ്ലവം മുതലിങ്ങോട്ട് ഈ വാതകങ്ങളിൽ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് തള്ളിയത് സമ്പന്ന രാജ്യങ്ങളാണ്.

എന്നാൽ അതിന്റെ കനത്ത വില നൽകേണ്ടി വരുന്നത് മറ്റ് ചിലരാണ്.

വിദർഭയിലെ വരൾച്ച ബാധിതരായ കർഷകരും, അസമിലെ പ്രളയബാധിതരായ കുടുംബങ്ങളും,ഒഡീഷ തീരത്തെ മത്സ്യത്തൊഴിലാളികളും, ദുർബലമായ ഹിമാലയൻ ഗ്രാമങ്ങ ളുമാണ് ആ ദുരിതം പേറുന്നത്.

സർക്കാർ ബജറ്റുകൾ,ലോകബാങ്ക് പോലുള്ള വികസന ബാങ്കുകൾ എന്നിവ വഴിയാണ് ഈ പണം പ്രധാനമായും എത്തുന്നത്.

കൂടാതെ, 2010-ൽ രൂപീകരിച്ച ഗ്രീൻ ക്ലൈമറ്റ് ഫണ്ട് പോലുള്ള യുഎൻ സംവിധാനങ്ങളും ഇതിനായി പ്രവർത്തിക്കുന്നു.

എന്നാൽ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം വളരെ വലുതാണ്.

2035 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങൾക്ക് അഡാപ്റ്റേ ഷൻ പ്രവർത്തനങ്ങൾക്ക് മാത്രമായി പ്രതിവർഷം 310 മുതൽ 365 ബില്യൺ ഡോളർ വരെ ആവശ്യമാണെന്ന് 2025 ഒക്ടോബറിലെ യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ 2023-ൽ വിദേശത്തുനിന്ന് പൊതു അഡാപ്റ്റേഷൻ ഫണ്ടായി ലഭിച്ചത് വെറും 26 ബില്യൺ ഡോളർ മാത്രമാണ്.

പോരാത്തതിന്, 2025 ഫെബ്രുവരിയിൽ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് നൽകാമെന്ന് ഏറ്റിരുന്ന 4 ബില്യൺ ഡോളറിന്റെ സഹായം അമേരിക്ക റദ്ദാക്കുകയും ചെയ്തു.

ഈ ധനസഹായം ഇന്ത്യ ആവശ്യപ്പെടുന്നത് തികച്ചും ന്യായമാണ്.

എന്നാൽ ഫണ്ടിന്റെ ഈ കുറവ് ചൂണ്ടിക്കാട്ടി രാജ്യത്തിനകത്ത് കൽക്കരി ഊർജ്ജം വീണ്ടും വ്യാപിപ്പിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.

അടുത്തത്: കാലാവസ്ഥാ ധനസഹായം–വായ്പയോ അതോ ഗ്രാന്റോ? യഥാർത്ഥത്തിൽ ഇതിന്റെ ബാധ്യത ചുമക്കുന്നത് ആര്?


കാലാവസ്ഥാ ധനസഹായം : വായ്പകളോ അതോ ഗ്രാന്റുകളോ? യഥാർത്ഥത്തിൽ ആരാണ് പണം നൽകുന്നത്?

കാലാവസ്ഥാ ധനസഹായം രണ്ട് രൂപത്തിലാണ് വരുന്നത്. 
ഒന്ന് ഗ്രാന്റ് (തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത പണം),
രണ്ടാമത്തേത് വായ്പ(പലിശസഹിതം തിരികെ നൽകേണ്ട പണം).

ഇതിൽ ഭൂരിഭാഗവും ലഭിക്കുന്നത് വായ്പകളായാണ്.

2024-ൽ സമ്പന്ന രാജ്യങ്ങൾ ഏകദേശം 137 ബില്യൺ ഡോളറിന്റെ കാലാവസ്ഥാ ഫണ്ട് നൽകിയതായി റിപ്പോർട്ട് ചെയ്തു.ഇതിലെ പൊതുപണമായ 106 ബില്യൺ ഡോളറിൽ 69 ബില്യൺ ഡോളറും (65%)നൽകിയത് വായ്പകളായാണ്.

ഈ വായ്പകളിൽ പലതും വിപണി വ്യവസ്ഥകൾക്ക് വിധേയമായിരുന്നു(സാധാരണ വാണിജ്യ പലിശ നിരക്കിൽ, യാതൊരു ഇളവുകളുമില്ലാതെ).

എങ്കിലും ഈ വായ്പകളെല്ലാം പാരിതോഷികം നൽകുന്നതു പോലെ, അവയുടെ പൂർണ്ണ മൂല്യത്തിലാണ് സാധാരണയായി കണക്കാക്കുന്നത്.

ഓക്സ്ഫാം ഇതിന്റെ യഥാർത്ഥ മൂല്യം(തിരിച്ചടവുകൾക്കും പലിശയ്ക്കും ശേഷം സമ്പന്ന രാജ്യങ്ങൾ യഥാർത്ഥത്തിൽ നൽകുന്നത്) കണക്കാക്കുകയുണ്ടായി.2026 ജൂലൈയിലെ അവരുടെ കണക്കനുസരിച്ച് ഇത് വെറും 33 മുതൽ 45 ബില്യൺ ഡോളർ വരെ മാത്രമാണ്. അതായത് അവർ അവകാശപ്പെട്ട തിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം.

നിങ്ങളുടെ കൃഷിയിടം വെള്ളപ്പൊക്കത്തിൽ മുക്കിയ ശേഷം, വീണ്ടും കൃഷിയിറക്കാൻ നിങ്ങൾക്ക് പണം കടം തരികയും, അതിൽ നിന്ന് പലിശ ഈടാക്കുകയും ചെയ്യുന്ന  സമ്പന്നനായ അയൽക്കാരനെപ്പോലെയാണിത്.

അതുകൊണ്ട് ഗ്ലോബൽ സൗത്ത് (വികസ്വര-ദരിദ്ര രാജ്യങ്ങൾ) രണ്ടുതവണ വിലനൽകേണ്ടി വരുന്നു. ആദ്യം വെള്ളപ്പൊക്ക ത്തിലൂടെയും വരൾച്ചയിലൂടെയും ഉഷ്ണതരംഗങ്ങളിലൂടെയും. പിന്നീട് കടബാധ്യതകളിലൂടെയും.

ആരോഗ്യത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി ചെലവാക്കു ന്നതിനേക്കാൾ കൂടുതൽ തുക പലിശ അടയ്ക്കാൻ വേണ്ടി മാറ്റിവെക്കുന്ന രാജ്യങ്ങളിലാണ് 3.4 ബില്യൺ ആളുകൾ ജീവിക്കുന്നത് എന്ന് 2025-ലെ അങ്ക്ടാഡ് (UNCTAD - വ്യാപാര ത്തിനും വികസനത്തിനുമുള്ള യുഎൻ സമിതി) റിപ്പോർട്ട് കണ്ടെത്തി.

കാലാവസ്ഥാ നീതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഗ്രാന്റുകളാണ്,കടങ്ങളല്ല.

CN ജയരാജ് 

FEPAD (Forum for Ecological Protection and Alternative Development)

Green Reporter

C N Jayarajan

Visit our Facebook page...

Responses

0 Comments

Leave your comment